ആലപ്പുഴ: വിദേശ വിനോദസഞ്ചാരികളുടെ മനസിൽ കേരളത്തെയും ആലപ്പുഴയെയും അടയാളപ്പെടുത്തുന്ന നെഹ്റു ട്രോഫി വള്ളംകളി കാണണമെങ്കിൽ ഇത്തവണ അൽപം പാടുപെടും. വള്ളംകളി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ മനസിൽ പതിയുന്ന കേരളത്തിലെ റോഡുകളുടെ അവസ്ഥയെപ്പറ്റിയുള്ള അഭിപ്രായം ഹാ കഷ്ടം! എന്നു തന്നെയാകും.
22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും വള്ളംകളി പ്രേമികള്‍ക്കും പുന്നമട കായല്‍ തീരത്തേക്കെത്തേണ്ട റോഡുകളെല്ലാംതന്നെ തകർന്നിരിക്കുകയാണ്. ഫിനിഷിംഗ് പോയിന്റ് മുതല്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് വരെ കായലിലേക്ക് എത്തിപ്പെടാൻ പ്രധാനമായും 12 ഇടറോഡുകളാണുള്ളത്. ഇവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രപോലും ദുഷ്കരമായ അവസ്ഥയിലാണ്. പത്തുവര്‍ഷമായി ഈ റോഡുകളുടെയെല്ലാം സ്ഥിതി ഇതുതന്നെ. അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് എത്തിച്ചേരണമെങ്കില്‍ സ്ട്രെക്ചറുകൂടി കരുതേണ്ട സ്ഥിതി.
വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വള്ളംകളിയോടനുബന്ധിച്ച് ചെറിയ രീതിയില്‍ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്നു. എന്നാല്‍ ആ പതിവുകളൊക്കെ അധികാരികൾ മറന്ന മട്ടാണ്.
കൊട്ടിഘോഷിച്ച് വള്ളംകളി നടത്തുക എന്നതു മാത്രമായി ജനപ്രതിനിധികളുടെയും അധികാരികളുടെയും റോൾ. ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കാനുള്ള മാര്‍ഗം ടൂറിസമാണെന്ന് പ്രസംഗിക്കുന്ന ജനപ്രതിനിധികളാകട്ടെ ലോക ഭൂപടത്തില്‍തന്നെ സ്ഥാനംപിടിച്ചുള്ള പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നത് വാസ്തവം.
റോഡ് മോശം; ട്രംപിന്റെ
മരുമകനെ വഴിമാറ്റി
കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റിന്റെ മരുമകന് കായല്‍ സൗന്ദര്യം നുകരാന്‍ എത്തിയെങ്കിലും ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയും വെള്ളംകയറി സഞ്ചാരയോഗ്യമല്ലാതായതിനാലും റോഡുമാര്‍ഗം മറ്റൊരു സ്ഥലത്തെത്തിച്ചാണ് ഹൗസ്ബോട്ടിൽ കയറ്റിയത്. അദ്ദേഹം കായല്‍ യാത്രയെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ നാട്ടുകാരില്‍ പലരും പറഞ്ഞത്- അദ്ദേഹത്തെ ഫിനിഷിംഗ് പോയിന്റിലെത്തിച്ച് ഹൗസ്ബോട്ടില്‍ കയറ്റാഞ്ഞത് ആലപ്പുഴയുടെ ഭാഗ്യമെന്നാണ്.
പൊട്ടിപ്പൊളിഞ്ഞ് പവലിയൻ
ഫിനിഷിംഗ് പോയിന്റിലെ പവലിയന്റെ അവസ്ഥ ഏറെ പരിതാപകരം. ഒട്ടുമിക്ക സ്റ്റെപ്പുകളുടെയും ടൈലുകള്‍ പൊട്ടി, ഇടിഞ്ഞ അവസ്ഥയിലാണ്. വെള്ളം കയറി മാലിന്യമടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന പവലിയന് വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ എങ്ങനെ ക്രമീകരിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.
ആയിരക്കണക്കിന് രൂപ മുടക്കി, ടിക്കറ്റെടുത്ത് പവലിയനിലെത്തിയാല്‍ ഇരിക്കാനോ നിൽക്കാനോ വള്ളംകളി ആസ്വദിക്കാനോ നന്നേ ബുദ്ധിമുട്ടേണ്ടിവരും. കാണികളുടെ തിക്കിലും തിരക്കിലും കാലൊടിയാതിരുന്നാല് ഭാഗ്യം.
വലിയ അവഗണന
ആലപ്പുഴയുടെ ടൂറിസത്തിൽ പ്രധാന പങ്കുവഹിക്കുന്ന പുന്നമട കായലിനോടും നെഹ്റു ട്രോഫി വള്ളംകളിയോടും ലോകരാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളോടും കാണിക്കുന്ന ഈ രീതിയിലുള്ള അവഗണന ആലപ്പുഴയുടെ ടൂറിസത്തെ പിന്നോട്ടടിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
അടിയന്തരമായി സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്കും ഫിനിഷിംഗ് പോയിന്റിലേക്കുമുള്ള റോഡെങ്കിലും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് വള്ളംകളി പ്രേമികളുടെയും നാട്ടുകാരുടെയും ആഗ്രഹം.